പ്രീ പ്രൈമറി വിദ്യാഭ്യാസം


പ്രീപ്രൈമറി കുട്ടികളുടെ പഠന സവിശേഷതകളും രക്ഷിതാക്കളുടെ പ്രതീക്ഷകളും എന്ന വിഷയമാണ് ഇന്ന് നാം ചര്‍ച്ചചെയ്യുന്നത്

എല്ലാവരും കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ക്കുന്നത് എന്തിനാണ്?

അവനവന്റെ കുട്ടികള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടി ഒരു തൊഴിലൊക്കെ കിട്ടി മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ പ്രാപ്തരാക്കാന്‍. ഇതായിക്കും എല്ലാവരുടേയും ഉത്തരം

എങ്കില്‍ എന്താണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം?

അതുനേടിയാല്‍ നിങ്ങളുടെ കുട്ടിക്ക് എന്ത് തൊഴിലാണ് കിട്ടുക?

ഇന്നത്തെ സമൂഹം വിലകല്‍പ്പിക്കുന്ന പ്രധാന തൊഴില്‍മേഖലകള്‍ എന്തൊക്കെയാണ്?

ഇന്നു് പ്രാധാന്യകല്‍പ്പിക്കുന്ന,ഡോക്ടര്‍,എഞ്ചിനീയര്‍,ബാങ്ക് മാനേജര്‍, പ്രൊഫസര്‍, സിവില്‍സര്‍വ്വീസിലെ പ്രധാനതസ്തികകള്‍ എന്നീ തൊഴിലൊക്കെ വരും കാലത്ത് എത്ര പേര്‍ക്കു കിട്ടും?അത് കിട്ടിയില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും ?

ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കു-

ഇത്തരം ജോലികളൊക്കെ കിട്ടാന്‍ എന്‍ട്രന്‍സും, കോച്ചിങ്ങും, ഭാരിച്ച പുസ്തകവായനയും കഠിനമായ അധ്വാനവും ഒക്കെ വേണമെന്ന് എല്ലാ രക്ഷിതാക്കള്‍ക്കും അറിയാം എങ്കില്‍ പ്രീപ്രൈമറി മുതല്‍തന്നെ അങ്ങനെ പഠിപ്പിക്കുന്നതല്ലേ നല്ലത് എന്ന ചിന്തയാണ് നമ്മെ നയിക്കുന്നത്.

ഉയര്‍ന്നക്ലാസ്സുകളിലെ പഠനരീതിതന്നെയാണോ പ്രീപ്രൈമറിയിലും വേണ്ടത്?

അതെ എന്നായിരിക്കും ഒരു സാധാരണക്കാരന്റെ മറുപടി എന്നാല്‍

വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും, ശിശുമനശാസ്ത്രജ്ഞര്‍ക്കും മറ്റു ചിലകാര്യങ്ങളാണ് പറയാനുള്ളത് .

സ്ലൈഡ് 2

മലര്‍ന്നു കിടക്കുക,ചെരിയുക,തലപൊക്കുക,കമിഴുക, നീന്തുക,മുട്ടുകുത്തുക, പിടിച്ചുനിക്കുക, തനിയെ നില്‍ക്കുക, രണ്ടടി നടക്കുക , പിച്ചവെക്കുക,(എന്നത് നാടന്‍പ്രയോഗം) നടക്കുക,ഓടുക ഇങ്ങനെയല്ലാതെ ജനിച്ച് ഏരെ വൈകാതെ നില്‍ക്കാന്‍ കഴിയുന്ന കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

 • എന്തുകൊണ്ടാണ് ജനിച്ച് 10 മാസം ആവും മുമ്പ് കുട്ടി നില്‍ക്കാത്തത്?
 • നില്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ആരെങ്കിലും ഓടാന്‍ പരിശീലിപ്പിക്കുമോ?

അതായയത് മനുഷ്യശിശുവിന്റെ വളര്‍ച്ചക്ക് ഒരു ക്രമമുണ്ട്.ശിശുവികാസം നിരന്തരവും ശ്രേണീബന്ധിതവുമായ ഒരു തുടര്‍പ്രക്രിയയാണ്.ഓരോ ശിശുവിന്റേയും ജൈവശാസ്ത്രപരവും,മാനസികവും,സാമൂഹികവുമായശേഷികള്‍ശ്രേണീബന്ധിതമായി പ്രായനിബദ്ധമായി വികസിച്ചുവരുന്നത് നിരീക്ഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. ഓരോ പ്രായത്തിലും കുട്ടി നിശ്ചിതശേഷികള്‍ ആര്‍ജ്ജിക്കുന്നു. ഇവയെ ശിശുവികാസത്തിലെ നാഴികക്കല്ലുകളായി കണക്കാക്കാം.

ഈ വികാസ മേഖലകളെ ഇങ്ങനെ സംഗ്രഹിക്കാറുണ്ട്.

‍ ശാരീരിക വികാസം (സ്തൂലപേശി,സൂഷ്മപേശീവികാസം)

ഭാഷാ വികാസം ( ഒറ്റപ്പെട്ട ശബ്ദം, ഒറ്റപ്പദങ്ങള്‍, ധാരാളം പദസമ്പത്ത് ആരുശ്രദ്ധിച്ചില്ലെങ്കിലും രണ്ട് വയസ്സായാല്‍ ഏതാണ്ട് 5000 പദങ്ങള്‍ കുട്ടി സ്വയം ആര്‍ജ്ജിക്കുന്നു. ചെറുവാക്യങ്ങളില്‍ തുടങ്ങി സങ്കീര്‍ണവാക്യങ്ങള്‍വരെ സംഭാഷണത്തില്‍ പ്രയോഗിച്ചു തുടങ്ങുന്നു)

 • സാമൂഹികവും വൈകാരികവുമായ വികാസം ( കൂട്ടുകൂടല്‍ )
 • സര്‍ഗാത്മകവും സൗന്ദര്യത്മകവുമായ വികാസമേഖലയും ഉള്‍പ്പെടുന്നു.

ഈ വളര്‍ച്ചാ ഘട്ടങ്ങളും പഠനവും തമ്മില്‍ എന്തുബന്ധമാണ് ഉള്ളത്?

ശാരീരിക വികാസത്തിനുള്ള പ്രവര്‍ത്തനങ്ങളും, ഭാഷാ വികാസത്തിനുവേണ്ട പ്രവര്‍ത്തനങ്ങളും, സാമൂഹ്യ വൈകാരിക വികാസത്തിനുള്ള പ്രവര്‍ത്തനങ്ങളും ,സര്‍ഗാത്മക വികാസമേഖലക്കുള്ള പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് നല്‍കേണ്ട പ്രായമാണ് 3 മുതല്‍ 6 വയസ്സുവരെയുള്ളകാലം .ശാരീരിക വളര്‍ച്ചക്ക് ആവശ്യമായ പോഷാകാഹാര ങ്ങളും ഇക്കാലത്ത് കുട്ടികള്‍ക്ക് ലഭിക്കണം.

മുന്‍പറഞ്ഞ മേഖലകളുടെ വളര്‍ച്ച അതിവേഗം നടക്കുന്ന ഈ സമയത്ത് നാം നല്‍കുന്ന ശ്രദ്ധാപൂര്‍വ്വമായ ഒരു ഇടപെടലുകളും നാളെ അവര്‍ ആരായിത്തീരും എന്നു തീരുമാനിക്കപ്പെടുന്നതിന് കാരണമാവും.

ഇതിന്റെ മുഴുവനായ വീഡിയോ ക്ലാസ്സ് രൂപം താഴെ ക്ലിക് ചെയ്ത് കാണാം

ഭാഷാപഠന സമീപനം


പഠനസമീപനങ്ങളെ സ്വാധീനിക്കുന്നത് അതാത് കാലത്ത് നിലനില്‍ക്കുന്ന മന: ശ്ശാസ്ത്ര സിദ്ധാന്തങ്ങളും ,തത്വശാസ്ത്രങ്ങളുമാണ്. ജ്ഞാതൃമനശ്ശാസ്ത്രം , നാഡീമനശ്ശാസ്ത്രം, അറിവ് നിര്‍മ്മാണപ്രക്രിയ,സാമൂഹ്യനിര്‍മ്മിതിവാദം,ഭാഷാസമഗ്രതാദര്‍ശനം എന്നിവയാണ് പ്രധാനമായും ഭാഷാസമീപനത്തിന് അടിസ്ഥാനം. ഈ സിദ്ധാന്തങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയയണ് പാഠപുസ്തകങ്ങളും, അവയിലെ അനുബന്ധപ്രവര്‍ത്തനങ്ങളും . ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നല്കുമ്പോഴേ ഭാഷാപഠനനേട്ടങ്ങള്‍ കുട്ടികളിലെത്തു. ഈ മഹാമാരിക്കാലത്ത് രക്ഷിതാക്കള്‍ ഒരെ സമയം അധ്യാപകരുടേയും റോള്‍ നിര്‍വ്വഹിക്കുന്നു. എന്നാല്‍ ഈ ആശയങ്ങളുടെ പിന്‍ബലമില്ലാത്ത അവര്‍ ചിലപ്പോള്‍ യാന്ത്രികമായ എഴുത്തിലേക്കും വായനയിലേക്കും കുട്ടികളെ നയിക്കുന്നു. ഇത് കുട്ടിക്ക് പഠനത്തോടുതന്നെ അകല്‍ച്ചയും താല്പര്യക്കുറവും സൃഷ്ടിക്കുന്നു. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസപദ്ധതി ഈ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ഒരു പരിശീലനപരിപാടി ആസൂത്രണം ചെയ്തു. അതിലെ ആദ്യത്തെ ക്ലാസ്സ് പൊതുവായി പ്രസിദ്ധീകരിക്കുന്നു.ഇത് വീഡിയോ ക്ലാസ്സാണ്.താഴെ കാണുന്ന പ്രവര്‍ത്തനങ്ങള്‍ എന്ത് ലക്ഷ്യംവെച്ചാണ് നടത്തേണ്ടതെന്ന് ലഘുവായി വിവരിക്കുന്ന ക്ലാസ്സാണ് ഇത്.

ഡോ രാമചന്ദ്രന്‍

വീഡിയോ ക്ലാസ്സ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകhttps://youtu.be/Ec6wLs01Z1U


പഠനതന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോൾ


ജ്ഞാനനിര്‍മ്മിതിയില്‍ അധിഷ്ഠിതമായ ക്ലാസ് മുറിയില്‍ പരസ്പരം സഹകരിച്ചും ആശയങ്ങള്‍ പങ്കുവച്ചും മുതിര്‍ന്നവരോട് സംവദിച്ചുമാണ് പഠനം മുന്നേറുന്നത്. അതുകൊണ്ടുതന്നെ പഠനതന്ത്രങ്ങളെല്ലാം ഇത്തരം സാധ്യതകള്‍ തുറന്നിടുന്നതായിരിക്കും. അറിവ് നിര്‍മ്മാണ പ്രക്രിയ, സാമൂഹ്യനിര്‍മ്മിതി, പഠനം ഒരു സജീവ പ്രക്രിയ, അധ്യാപിക ഒരു ദാതാവ് എന്ന നിലയില്‍ നിന്നും സാധ്യമാക്കിത്തീര്‍ക്കുന്ന ആള്‍ എന്ന നിലയിലേക്കുള്ള മാറ്റം എന്നിവ പരിഗണിച്ചാണ് ഈ പഠനതന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടത്. പ്രവര്‍ത്തനലക്ഷ്യം, ആസൂത്രണം, വിഷയം തീരുമാനിക്കല്‍ പ്രവര്‍ത്തന പദ്ധതി ചിട്ടപ്പെടുത്തല്‍ തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് മുന്‍കൈ ലഭിക്കുന്ന സമീപനമാണ് ഈ പഠനതന്ത്രങ്ങളില്‍ സ്വീകരിക്കേണ്ടത്. കൂട്ടായ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും സംവാദങ്ങളുമാണല്ലോ ജ്ഞാതൃസിദ്ധാന്തത്തിന്റെ പ്രത്യേകത. ഈ സാധ്യതകള്‍ നല്‍കുന്ന പഠനതന്ത്രങ്ങളില്‍ ചിലത് പരിശോധിക്കാം

ഓണ്‍ലൈന്‍ ക്ലാസ്സിന്റെ തുടർച്ച


അ‍ഞ്ചാം ക്ലാസ്സിലെ കോയസ്സന്‍എന്ന പാഠം ഓണ്‍ലൈന്‍ ക്ലാസ്സ് കണ്ടതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.

ഓണ്‍ലൈന്‍ ക്ലാസ്സിന്റെ തുടര്‍ച്ചയെന്ത് ? ..

കോയസ്സന്‍ എന്ന കഥ അവതരിപ്പിക്കുന്നതിലൂടെ എന്താണ് ലക്ഷ്യംവെച്ചത്?

എന്തായിരുന്നു പഠനനേട്ടങ്ങള്‍ ?

കഥ നോവല്‍ ഭാഗം എന്നിവയില്‍നിന്നും ആര്‍ജ്ജിച്ച അനുഭവങ്ങള്‍ വ്യത്യസ്ത വ്യവഹാര രൂപങ്ങളില്‍ ആവിഷ്കരിക്കരിക്കല്‍( കഥാപാത്ര നിരൂപണം,നാടകീകരണം) ഇതാണ് ഈ പാഠഭാഗത്തിന്റെ ഉയര്‍ന്ന പഠനനേട്ടം!

കഥവായിച്ച് മനുഷ്യബന്ധങ്ങളുടെ ആഴം ബോധ്യപ്പെടല്‍,കഥയുടെ സാംസ്കാരിക പരിസരം തിരിച്ചറിയല്‍ എന്നിങ്ങനെ ചില ഉപലക്ഷ്യങ്ങളും ഉണ്ടാവാം.

അതിലേക്കു നയിക്കാന്‍ ഇത്രയും പ്രവര്‍ത്തനം മതിയോ?ഇതുതന്നെയാണോ പ്രക്രിയവേണ്ടത്? ഓണ്‍ലൈന്‍ പരിമിതി മാത്രമാണോ പ്രശ്നം? എന്തായിരുന്നു അതിലെ പ്രക്രിയ

ഓണ്‍ലൈന്‍ ക്ലാസ്സ് പ്രക്രിയ

 • പത്രവാര്‍ത്തകള്‍ കാണല്‍ ലഘു ചര്‍ച്ച (മനുഷ്യബന്ധങ്ങളുടെ ആഴം,എങ്ങനെ പെരുമാറുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ഹൃദ്യമാവുന്നത് )
 • കാബൂളിവാല കഥ പറയുന്നു (വ്യക്തിബന്ധങ്ങളുടെ ആഴവും , നന്മയുടേയും സ്നേഹത്തിന്റേയും ഉറവകളും പ്രകടമാക്കുന്ന കഥകള്‍ ധാരാളമുണ്ട് എന്ന ധാരണ) (ഇവിടെ കഥാപാത്രം – ഇഷ്ടപ്പെടല്‍.. സൂചന നല്‍കുന്നു)
 • ഇതുപോലെ സ്നേഹബന്ധങ്ങളുടെ കഥ നിങ്ങള്‍ക്കു പഠിക്കാനുണ്ട്…പാഠത്തിലേക്ക്)
 • കഥയില്‍മാത്രമല്ല-കവിതയിലും കാണാം -നാലാം ക്ലാസ്സ് കുടയില്ലാത്തവര്‍ കവിത ചൊല്ലി സൂചന നല്‍കുന്നു.
 • കോയസ്സന്‍ പേരില്‍ നിന്നും കാലം – സൂചന
 • കഥയിലെ വിശദാംശങ്ങള്‍ സ്വയം വിശദീകരിക്കുന്നു.
 • ആഴത്തിലുള്ള വായനക്കുള്ള ചോദ്യങ്ങള്‍ നല്‍കുന്നു (ഉത്തരസൂചനകള്‍ നല്‍കുന്നു)

ഇവിടെ നാം ആലോചിക്കേണ്ടത് എന്താണ്?

പ്രക്രിയാ തടസ്സങ്ങള്‍

 1. ഈ കഥകള്‍ പറയാതെ പറയുന്നത് കേവലം സ്നേഹബന്ധങ്ങളുടെ കാര്യം മാത്രമാണോ? കാബൂളിവാലയോടുള്ള വീട്ടുകാരുടെ സമീപനവും-(കാണാന്‍വിസമ്മതിക്കല്‍,കുട്ടിയുടെ നിസ്സംഗമായ നില്‍പ്പ് ) കാറുവാങ്ങിച്ചതോടെ അപ്പുവിന്റെ വീട്ടുകാര്‍ കോയസ്സനോടു കാണിച്ചപെരുമാറ്റവും ഒന്നുതന്നെയാണോ? അങ്ങനെയെങ്കില്‍ കേവലം സ്നേഹബന്ധം അവതരിപ്പിക്കല്‍ മാത്രമാണോ കഥയുടെ ലക്ഷ്യം (അധ്യാപികയുടെ ചിന്തക്ക്)
 2. ആശയഗ്രഹണവായനക്കും,ആഴത്തിലുള്ള വായനയിലേക്കും നയിക്കാന്‍ ഈ അവതരണത്തിനു കഴിഞ്ഞോ? ഇനി എന്തൊക്കെ പ്രവര്‍ത്തനം നല്‍കേണ്ടിവരും?

വിമര്‍ശനപരമായി ക്ലാസ്സിനെ കണ്ടാല്‍

 • പത്രത്തിലെ വാര്‍ത്തകള്‍ക്ക് ഈ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയില്ല .
 • അന്യരോടും കരുണതോന്നലും ,സ്നേഹവും എന്ന ആശയമുള്ള കവിതയുടേയും – ജന്മിത്വ സംസ്കാരവും വിധേയത്വവും കാണിക്കുന്ന കോയസ്സന്റെ കഥയും വ്യത്യസ്ത ചിന്തകളാണ്.
 • കുട്ടിക്ക് എന്തെങ്കിലും ചിന്തിക്കാനോ , കുട്ടിയുടെ മാനസികസാന്നിധ്യം ഉണ്ടാക്കാനോ ഒരു ഇടപെടലും ഇല്ല.

എങ്കില്‍ കുട്ടി മുമ്പിലില്ലാത്ത ഈ ഓണ്‍ലൈന്‍കാലത്ത് കുട്ടിയുടെ ചിന്തയില്‍ ചില ഇടപെടലുകള്‍ എങ്ങനെയാണ് വരുത്തുക?

എല്ലാവര്‍ക്കും പങ്കാളിത്തവും , എല്ലാവരും ഈ പ്രവര്‍ത്തനങ്ങള്‍ വൈകാരികമായി ഏറ്റെടുക്കുകയും ചെയ്യുന്നതെപ്പോളാണ്?

പ്രവര്‍ത്തനം 1- പഴയകാലത്തെ ആളുകളുടെ പേരുകളും ഇക്കാലത്തെ ആളുകളുടെ പേരുകളും വ്യത്യാസവും….കാലം പേരില്‍ വരുത്തിയ മാറ്റവും ചര്‍ച്ചയില്‍ വന്നാലോ..

അവരുടെ നാട്ടിലെ പഴയ ആളുകളുടെ പേര് ഓര്‍ത്തുനോക്കാന്‍ പറയാം..(കുട്ടികള്‍ കേട്ടവ)

അധ്യാപിക ഒരു ഉദാഹരണം നല്‍കുന്നു

എന്റെ നാട്ടിലെ ഒരു വല്യമ്മടെ പേര് “കുപ്പ ” എന്നായിരുന്നു. എങ്ങനെയാണ് ഈ പേരുകള്‍ ആളുകള്‍ക്ക് കിട്ടിയത് ? നിങ്ങടെ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും പേര് എന്തായിരുന്നു?

( നേരിട്ട് ഒന്നും പറയേണ്ടതില്ല- പക്ഷെ ചിന്തിക്കാന്‍ അവസരം നല്‍കണം)

പഴയകാലത്ത് ധാരാളമായി ഉപയോഗിച്ചതും ഇപ്പോള്‍ കാണാനില്ലാത്തതുമായ ഒരുവാഹനം കാണിച്ചുകൊടുക്കുന്നു (കുതിരവണ്ടി) പേര് പറയാമോ? എന്നുചോദിക്കുന്നു.

ചില പഴയകാല വസ്തുക്കളും കുട്ടികളുടെ ചിന്തയിലേക്ക് ഇട്ടുകൊടുക്കാന്‍ കഴിയുമായിരുന്നോ?

ഈ കുതിരവണ്ടിയും കോയസ്സന്‍ എന്ന പേരും ഈ പാഠത്തിന്റെ സാസ്കാരിക പരിസരത്തെ അടയാളങ്ങളാണ് .കാലവും ജീവിതരീതിയും ആയി ബന്ധപ്പെട്ട ചിന്ത കുട്ടികള്‍ക്ക് നല്‍കണം.അത് പാഠഭാഗത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും

പഴയ വസ്തുക്കളുടെ ചിത്രം ആദ്യം കാണിച്ച് അതിന്റെ പേര് എഴുതിക്കാണിച്ചാല്‍ ഈ ചിന്ത നടക്കുമോ?

ആശയഗ്രഹണ വായനയും ,ആഴത്തിലുള്ള വായനയും എങ്ങനെ നടത്താം?

 • കഥ ഇഷ്ടമാവാനുള്ള കാരണം പറയല്‍/ എഴുതല്‍-കുട്ടികളോട് പാഠം വായിച്ച് കഥ ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാനും നിര്‍ദ്ദേശിക്കാം. ( എഴുതി ഫോട്ടോയായി അയക്കാം / വായിച്ചു റക്കോഡ് ചെയത് അയക്കാം/ അധ്യാപിക്ക് ഫോണിലൂടെ കേള്‍പ്പിക്കാം.
 • അവര്‍ക്ക് അധ്യാപികയോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കല്‍(മേല്‍പ്പറഞ്ഞ ഏത് രീതിയിലുമാകാം)
 • കഥയുടെ ഏതെങ്കിലും ഒരു ഭാഗം ചിത്രീകരിക്കല്‍- ചിത്രം അയക്കാം
 • കഥയുടെ ഏതെങ്കിലും ഒരുഭാഗം സംഭാഷണമാക്കല്‍
 • കഥ വായിച്ച ശേഷം ചോദ്യം നിര്‍മ്മിക്കല്‍ ചില കഥാ ഭാഗങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനം ചോദ്യങ്ങളിലൂടെ കുട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം (അധ്യാപകസഹായി)
 • കോയസ്സന്റെ കുടുംബത്തെക്കുറിച്ച് കുട്ടികള്‍ക്ക് എന്തൊക്കെ അറിയാം? ആ ഭാഗം വായിച്ച് പറയാം -കുറിപ്പാക്കാം കുഞ്ഞാലു കേമനാണ് ? എന്താണ് അപ്പുവിന് അങ്ങനെ തോന്നിയത്? കുഞ്ഞാലുവിന്റെ സ്വഭാവത്തെ സൂചിപ്പിക്കാന്‍ എഴുത്തുകാരന്‍ ഉപയോഗിച്ച പ്രയോഗം etc… കുട്ടികള്‍ ഇങ്ങോട്ടുവരുമ്പോഴാണ് കോയസ്സന്‍ അവരെ കാണാറുള്ളെന്നു തോന്നിയത് എന്തുകൊണ്ട്?
 • കോയസ്സന്‍ ഒരു തമാശക്കാരനും ആയിരുന്നു. ഇത് സൂചിപ്പിക്കുന്ന ഭാഗം കണ്ടെത്തിപ്പറയാമോ?

ഇങ്ങനെ ചില പേരഗ്രാഫുകള്‍ വായിപ്പിക്കാനും വിശകലനം ചെയ്യാനും കഴിയുമോ? അങ്ങനെ ചെയ്താല്‍മാത്രമേ കുട്ടികള്‍ വായനയിലേക്കു കടക്കു. ( ഭിന്നനിലവാരക്കാരെ പരിഗണിക്കാന്‍ ചിത്ര സഹായത്തോടെ കഥ ലഘുവാക്കി നല്‍കി സഹായിക്കേണ്ടി വരും-ഇത് അധ്യാപികയുടെ ചുമതലയാവണം)

പ്രവര്‍ത്തനങ്ങളും അവയുടെ സവിശേഷതകളും

അറിവു നിര്‍മ്മാണത്തില്‍ കുട്ടികളെ കടത്തി വിടേണ്ട പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.

Elicit, Engage, Explore, Explain , Encounter, Enlightening, Elaborate , Expand, Evaluate

ഈ പാഠത്തില്‍ അത് Apply ചെയ്താല്‍ …

കുട്ടികളില്‍നിന്നും -ചിലകാര്യങ്ങള്‍ Elicit ചെയ്ത് എടുക്കണം -പഴയകാലപേരുകള്‍,വാഹനങ്ങള്‍ വീട്ടിലെ പണിക്കാര്‍ ,

കുട്ടികളെ പ്രവര്‍ത്തനങ്ങളില്‍ Engage ചെയ്യിക്കണം – വായിപ്പിക്കല്‍,ചര്‍ച്ചയില്‍ പങ്കെടുപ്പിക്കല്‍ ചിത്രീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍

ചിലകാര്യങ്ങള്‍ Explore ചെയ്യാന്‍ (ആരായാന്‍) ‍ അവസരം നല്‍കണം- മുതിര്‍ന്നവരോട് ചോദിച്ച് പഴയകാല പേരുകള്‍ വരാനുണ്ടായകാരണം )

Explain– ഓരോന്നും വിശകലനം ചെയ്ത് വിശദീകരിക്കുന്നത് ഈ ഘട്ടത്തിലാണ് .അതോടെ ‍ വായനയുടെ ആഴങ്ങളിലേക്ക് നയിക്കപ്പെടുന്നു. ‍- തലപ്പാവിന്റെ സവിശേഷത- കോയസ്സന്റെ കുടുംബത്തെക്കുറിച്ച്, Etc….

Encounter– ഒരുവാദത്തെ പലകോണുകളില്‍ നോക്കിക്കാണാനും, തന്റെ വാദം യുക്തിയോടെ അവതരിപ്പിക്കാനുമുള്ള ‍ അവസരവും കിട്ടണം. കുഞ്ഞാലുവാണ് ഡോക്ടറാകുന്നതെങ്കിലോ? എന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചു? അങ്ങനേയും ആവാമല്ലോ?

ആകാശം ഇടിഞ്ഞു വീഴുന്ന കാര്യപറഞ്ഞ് കോയസ്സന്‍ അപ്പുവിനെ കളിയാക്കിയതാണോ? അല്ലയോ- ഇതുശരിയോ?

Elaborate– ‍ വീട്ടില്‍ പോയതിനുശേഷം കോയസ്സന്റെ ജീവിതത്തില്‍ പിന്നെ എന്തു സംഭവിച്ചിരിക്കാം? ഇത് Evolving text ആണ്.കഥയുടെ തുടര്‍ച്ച അന്വേഷിക്കലാണ്.

ഇത്തരം ചിന്തകള്‍ കഥാരൂപത്തില്‍ എഴുതി പതിപ്പാക്കാം.(ഓണ്‍ലൈന്‍മാഗസിന്‍ എങ്ങനെ വികസിപ്പിക്കാം ? )

രചനകള്‍ ടീച്ചര്‍ക്ക് അയക്കുന്നു. ടീച്ചര്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. കുട്ടികളുടെ ഫൈനല്‍ രചനകള്‍ അധ്യാപിക ടൈപ്പ് ചെയ്യുന്നു.അതിലേക്ക് നേരത്തെ വരച്ച ചിത്രങ്ങള്‍ മൊബൈലില്‍ ഫോട്ടോയെടുത്തോ,സ്കാന്‍ചെയ്തോ ഇടുന്നു. ഡിജിറ്റല്‍ മാഗസിനാക്കി പ്രസിദ്ധീകരിക്കുന്നു.ഒരു ദിവസം വിളിക്കുന്ന ഓണ്‍ലൈന്‍ എസ്.ആര്‍.ജി യില്‍ പ്രകാശനം നടത്തുന്നു.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വായനക്കായി അയക്കുന്നു.ഇതൊരു മികച്ച പഠനപ്രവര്‍ത്തനമാകും .

Extent– ഈ കഥയും കാബളിവാല എന്ന കഥയും ഒരേ ആശയമാണോ നല്‍കുന്നത്?ഈ കഥയിലെ ആശയമുള്ള മറ്റ് ഏതെങ്കിലും കഥ പറയാമോ? ഈ കഥയിലെ ഒരുഭാഗം നാടകമാക്കി അഭിനയിക്കാമോ? ഉദാഹരണത്തിന് കോയസ്സന്‍പോയ ശേഷം വീണ്ടു അപ്പുവിനെ കാണാന്‍ വരുന്ന ഭാഗം.

(വീടുകളില്‍ ഇരുന്ന് കുട്ടികള്‍ സംഭാഷണം തയ്യാറാക്കുന്നു. അധ്യാപികക്ക് അയക്കുന്നു. അധ്യാപിക വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കുട്ടികള്‍ കഥാപാത്രങ്ങളാകുന്നു. ഒരാള്‍ അപ്പു ഒരാള്‍ കോയസ്സന്‍ ഒരു വാട്ട്സാപ് വീഡിയോയിലൂടെയോ, കേവലം ഫോണ്‍ ശബ്ദം റക്കോഡ് ചെയ്തോ ഓണ്‍ലൈന്‍ നാടകമാക്കി അവതരിപ്പിക്കാം- വിവിധ ഗ്രൂപ്പുകള്‍ വിവിധ സന്ദര്‍ഭങ്ങള്‍ ചെയ്യട്ടെ! ഒന്നോ രണ്ടോ ഗ്രൂപ്പിന് ഒരുഭാഗം നല്‍കലുമാവാം.

Enlightening- മറ്റുള്ളവര്‍ക്ക് പ്രചോദനമാകും വിധം ചില ഇടപെടലുകള്‍ നടത്തുന്നതാണ് ഈ സന്ദര്‍ത്തില്‍ നടക്കുക – മിനുസമുള്ള നിലത്ത് നെല്ലിക്ക വീണപോലെ – ഇതുപോലെ മനോഹരമായ പ്രയോഗങ്ങള്‍ നിര്‍മ്മിക്കാനാവുമോ? നിലവും നെല്ലിക്കയുംസ്വതവേ മിനുസ മുള്ളതാണ്. നെല്ലിക്ക ഉരുണ്ടതാകയാല്‍ വെച്ചിടത്ത് ഇരിക്കില്ല. ഈ സൂഷ്മനിരീക്ഷണമാണ് ഇത്തരത്തിലൊരു പ്രയോഗം നടത്താന്‍ പ്രരിപ്പിച്ചത്. അത് ഒരു കുട്ടിയുടെ സ്വഭാവത്തിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ കുട്ടിയുടെ പ്രകൃതം പറയാതെ പറയുകയാണ് .ഇത്തരം പ്രയോഗങ്ങള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കും.ആഴത്തില്‍ ചിന്തിപ്പിക്കും. വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും.

Expand- ഈ കഥയെ മറ്റുകഥയോ,കവിതയോ ആയി താരതമ്യം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ നേടിയ അറിവിന്റെ വികാസം നടക്കും .

Evaluate- സ്വയവും പരസ്പരവും വിലയിരുത്തലുകള്‍

 1. ഈ കഥ സന്ദര്‍ഭത്തിനിണങ്ങും വിധം ഒഴുക്കോടെയും ഭാവാത്മകമായും എനിക്കുവായിക്കാനായോ? (ശബ്ദവായനക്ക് അവസരം ടീച്ചര്‍ നല്‍കണം)
 2. കൂട്ടുകാര്‍ക്ക് തോന്നിയ ആശയങ്ങളും എന്റെ ആശയങ്ങളും ഒന്നുതന്നെയാണോ? (പതിപ്പിലെ കഥ, അഭിനയം, ചിത്രീകരണം ഇതെല്ലാം പരസ്പരം കാണാന്‍ അവസരം നല്‍കണം)

ഇങ്ങനെ പ്രവര്‍ത്തനങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്.അവ തിരിച്ചറിഞ്ഞ് അടുത്തക്ലാസ്സു വരേയും , അടുത്ത ക്ലാസ്സിനുശേഷവും ഇടക്ക് ഓരോ മലയാളം പ്രവര്‍ത്തനങ്ങളും നല്‍കി കുട്ടിയെ ഭാഷാ പഠന ലക്ഷ്യങ്ങളിലേക്ക് നയിക്കണം.

വായനക്കും ചിന്തക്കും വേണ്ടി…..

ഡോ-കെ. രാമചന്ദ്രന്‍

മലയാളഭാഷാധ്യാപനം


മലയാളഭാഷാ സമീപനം

ഡി.എല്‍.എഡ് മൂന്നാം സെമസ്റ്ററിലെ ഒന്നാമത്തെ യൂണിറ്റിന്റെ ആശയങ്ങള്‍ ഓണ്‍ലൈന്‍ക്ലാസ്സായി നല്‍കുകയാണിവിടെ. ഈ ലോക്ഡൗണ്‍ കാലത്ത് മുഖാമുഖ പരിശീലനം അസാധ്യമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

https://youtu.be/VjBD1WzDWh0